Pages

Friday, August 6, 2010

അനുബന്ധം

“ഇസ്‌ലാം ജീവിതപദ്ധതി”

ഇസ്‌ലാമിന്റെ ലക്ഷ്യം ഈ ലോക ജീവിതമല്ല. പരലോക വിജയമാണ്‌. ഈ ജീവിതത്തെ ഒരു ജീവിതമായിട്ടുപോലും പരിശുദ്ധ ഖുര്‍ആനും നബിചര്യയും കാണുന്നില്ല. പരലോക വിജയമാണ്‌ യഥാര്‍ഥ വിജയം. സത്യം തുറന്നുപറയുവാന്‍ നിര്‍ദേശിക്കുന്ന മതമാണ്‌ ഇസ്‌ലാം. ശിര്‍ക്കിന്നും ബിദ്‌അത്തിന്നും മൗനത്തിലൂടെ അനുമതി നല്‍കുവാന്‍ സമ്മതിക്കാത്ത മതം. അക്രമിയായ ഭരണാധികാരിയുടെ മുന്നിലും സത്യം തുറന്നുപറയല്‍ ഏറ്റവും വലിയ ധര്‍മയുദ്ധമായി പ്രഖ്യാപിച്ച മതം. സത്യം തുറന്നുപറഞ്ഞതിനാല്‍ വധിക്കപ്പെട്ട മനുഷ്യനെ രക്തസാക്ഷിയായി കണക്കാക്കുന്ന മതം. പരലോകത്ത്‌ വിജയം ലഭിക്കുവാനുള്ള സംഗതികള്‍ മനുഷ്യന്റെ ബുദ്ധിക്ക്‌ മാത്രം കണ്ടുപിടിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ഇത്തരം സംഗതികളുടെ രൂപവും സ്വഭാവവും ഇസ്‌ലാം വിശദമായി വിവരിച്ചുതരുന്നു.



ഭൗതികജീവിതത്തിലും മനുഷ്യന്ന്‌ സുഖവും സന്തോഷവും നല്‍കുവാന്‍ ഉപയുക്തമായ സംഗതികള്‍ ഇസ്‌ലാം മനുഷ്യന്ന്‌ നല്‍കുന്നു. എന്നാല്‍ മിക്ക പ്രശ്‌നങ്ങളിലും മൗലിക തത്വങ്ങളും അടിസ്ഥാന നിയമങ്ങളും മാത്രം അവനെ പഠിപ്പിച്ച്‌ വിശദാംശങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ അവന്റെ ബുദ്ധിക്ക്‌ അവകാശം നല്‍കുന്നു. അപ്പോള്‍ ഇസ്‌ലാം ജീവിതപദ്ധതിയാണ്‌, മരണപദ്ധതിയുമാണ്‌. പരലോകത്തെ മനസ്സിലാക്കി അതിന്റെ പ്രവൃത്തിയില്‍ മുഴുകുന്നവനാണ്‌ യഥാര്‍ഥ ബുദ്ധിജീവി എന്നാണ്‌ പ്രവാചകന്റെ പ്രഖ്യാപനം. ഭരണം നടത്തുവാനും സ്വത്തിന്റെ മടിത്തട്ടില്‍ ജീവിക്കുവാനും സാധിച്ച നബിമാര്‍ വളരെ വിരളമായിരുന്നു. തോട്ടങ്ങളും ഭൂമികളും സമ്പാദിക്കുവാന്‍ സാധിച്ചവരും വളരെ ചുരുക്കം. ഉപദ്രവിക്കപ്പെടാത്തവര്‍ ഉണ്ടോ എന്നതാണ്‌ സംശയം. ഇസ്‌ലാം ജീവിതപദ്ധതിയാണെന്ന്‌ വ്യാഖ്യാനിച്ച്‌ ഭരണം സ്ഥാപിക്കല്‍ മതത്തിന്റെ ഏറ്റവും പ്രധാന നിര്‍ദേശമായി അവതരിപ്പിക്കുക, ശിര്‍ക്കിന്നും ബിദ്‌അത്തിനും മൗനാനുവാദം നല്‍കുക, ആരാധനയെ ലഘൂകരിച്ച്‌ കാണുക, കര്‍മശാസ്‌ത്രത്തില്‍ ഏതു നയവും സ്വീകരിക്കാമെന്ന്‌ പ്രഖ്യാപിക്കുക, അനുഷ്‌ഠാന കര്‍മങ്ങള്‍ വിവരിക്കുന്ന ഖുത്‌ബകളും പഠന ക്യാമ്പുകളും ഗ്രന്ഥങ്ങളും ശാഖാപരമായി ചിത്രീകരിക്കുക, അതൊക്കെ നിസ്സാരമാക്കുക, രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ മതത്തിന്റെ മൗലിക പ്രശ്‌നമായി അവതരിപ്പിക്കുക പ്രവണതകളെയാണ്‌ മുജാഹിദുകള്‍ എതിര്‍ക്കുന്നത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം മരണപദ്ധതിയാണെന്ന്‌ ഉമര്‍ മൗലവി പ്രസ്‌താവിച്ചിട്ടുണ്ടെങ്കില്‍ അതിന്‍മേല്‍ പിടിച്ച്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ തന്നെ അവഹേളിക്കുന്നത്‌ ന്യായമല്ല. ജീവിതത്തിന്റെ ഏതെങ്കിലും രംഗത്തു ഇസ്‌ലാമിന്റെ സ്ഥിരപ്പെട്ട ഒരു നിര്‍ദേശത്തെ, ഇസ്‌ലാമിന്ന്‌ ജീവിതപദ്ധതി എന്ന്‌ പറയുന്നതിനെക്കാള്‍ നല്ലതു മരണപദ്ധതിയെന്ന്‌ പറയലാണെന്ന്‌ പ്രസ്‌താവിച്ച ഉമര്‍ മൗലവി നിഷേധിച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങള്‍ക്ക്‌ ചൂണ്ടിക്കാണിക്കാം.

ഖലീഫയും പ്രതിനിധിയും

ഖലീഫ എന്ന അറബി പദത്തിന്ന്‌ മലയാളത്തില്‍ പ്രതിനിധി എന്നര്‍ഥം കല്‌പിക്കുവാന്‍ പറ്റുമോ ഇല്ലേ എന്ന ഭാഷാപരമായ തര്‍ക്കത്തിലേക്ക്‌ ഇവിടെ പ്രവേശിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. വിഷയത്തിന്റെ മര്‍മം ഇതല്ല. സുന്നി മുസ്‌ലിയാന്‍മാര്‍ പ്രതിനിധി എന്നര്‍ഥം നല്‍കി അല്ലാഹുവിന്റെ കഴിവുകള്‍ വലിയ്യുകളിലും മറ്റും സ്ഥാപിക്കുന്നത്‌ കാണാം. ഈ പ്രവണത എതിര്‍ക്കപ്പെടണം. അതുപോലെ ജമാഅത്തുകാര്‍ പ്രതിനിധി എന്നര്‍ഥം നല്‍കി ഇസ്‌ലാമിന്റെയും തൗഹീദിന്റെയും താല്‌പര്യം ഭരണം സ്ഥാപിക്കലാണെന്ന്‌ വാദിക്കുകയും തെരഞ്ഞെടുപ്പിലും മറ്റും പങ്കെടുക്കല്‍ ഈ തത്വത്തിന്‌ എതിരാണെന്ന്‌ ജല്‍പിക്കുകയുമാണെങ്കില്‍ അത്‌ എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്‌. അല്ലാഹുവിന്റെ നിയമങ്ങള്‍ സര്‍വരംഗത്തും പാലിക്കാന്‍ കടപ്പെട്ടവന്‍ എന്ന നിലയ്‌ക്കാണ്‌ മനുഷ്യനെ അല്ലാഹുവിന്റെ പ്രതിനിധി എന്ന്‌ വിളിക്കുന്നതെങ്കില്‍ കുഴപ്പമില്ല. നബിമാര്‍ക്ക്‌ പ്രവാചകന്‍മാര്‍ എന്നര്‍ഥം നല്‍കി അവര്‍ക്ക്‌ യഥേഷ്‌ടം പ്രവചിക്കുവാന്‍ സാധിക്കുമെന്നും അദൃശ്യജ്ഞാനം അവര്‍ക്കുണ്ടെന്നും വാദിക്കുകയാണെങ്കില്‍ ആ പദപ്രയോഗത്തിലും തര്‍ക്കം ഉത്ഭവിക്കുക സ്വാഭാവികമാണ്‌. ഭരണത്തിലെന്നപോലെ കൈകെട്ടുന്ന വിഷയത്തിലും കൂട്ടുപ്രാര്‍ഥനയുടെ വിഷയത്തിലും ഖുര്‍ആനിന്റെ വിഷയത്തിലും മനുഷ്യര്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്‌.

ഹാകിമിയ്യത്ത്‌

അല്ലാഹുവിന്റെ നിയമങ്ങള്‍ മാറ്റിമറിച്ച്‌ മറ്റൊരു നിയമം അതിന്റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. ഇവിടെ മുസ്‌ലിമും അമുസ്‌ലിമും സമമാണ്‌. സുന്നിയും ശീആയും സമമാണ്‌. അനിസ്‌ലാമിക ഭരണകൂടവും ഇസ്‌ലാമിക ഭരണകൂടവും സമമാണ്‌. അമേരിക്കയും ബ്രിട്ടനും ഇറാനും ഇറാഖും സമമാണ്‌. രാഷ്‌ട്രീയ കക്ഷികളും ശൂറാ കമ്മിറ്റികളും തുല്യമാണ്‌. മദ്‌ഹബുകളും ത്വരീഖത്തും സൂഫിസവും സമമാണ്‌.

ഏതു രംഗത്ത്‌ നാം വിധിപറയുകയാണെങ്കിലും അല്ലാഹുവിന്റെയും പ്രവാചകന്റെയും തീരുമാനത്തിന്‌ എതിരാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭരണരംഗവും കൈകെട്ടലും തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണവും ഇതില്‍ നിന്നു പുറത്തുപോകുന്നില്ല. മദ്‌ഹബുകള്‍ നാം സ്വീകരിച്ചാല്‍ അതിന്റെ പ്രശ്‌നങ്ങളില്‍ പോലും അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധിക്ക്‌ എതിരായി മിക്കരംഗത്തും നാം പ്രവര്‍ത്തിക്കേണ്ടിവരും.

അല്ലാഹുവിന്ന്‌ മാത്രമാണ്‌ വിധിക്കവകാശം എന്ന്‌ പറഞ്ഞ്‌, ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും നശിപ്പിച്ച്‌, മനുവിന്റെ നിയമങ്ങള്‍ അടിസ്ഥാനമാക്കി കൊണ്ടുള്ള വര്‍ഗീയവാദികളുടെ ഭരണം ഇന്ത്യയില്‍ വരാന്‍ വഴിയൊരുക്കുന്നതിനുപകരം മതേതര സ്വഭാവമുള്ള പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും സഹായിക്കാന്‍ മുസ്‌ലിംകള്‍ രംഗത്തുവരുമ്പോള്‍ അവരെ താഗൂത്തീ പൂജകരായി ചിത്രീകരിക്കുന്ന പ്രവണതയെ മാത്രമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം എതിര്‍ക്കുന്നത്‌. എന്നാല്‍ `ഹാകിമിയ്യത്ത്‌' എന്നൊരു അധ്യായം തന്നെ `ഇബാദത്ത്‌ ഒരു സമഗ്ര പഠനം' എന്ന പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ തര്‍ക്കപ്രശ്‌നത്തില്‍ നിന്ന്‌ ജനങ്ങളുടെ ശ്രദ്ധതെറ്റിക്കുവാനാണ്‌. മദ്‌ഹബിനെ പ്രമാണമാക്കുന്ന ചില മൗദൂദികള്‍ക്ക്‌ എതിരായിട്ടായിരിക്കാം ഇങ്ങനെയൊരു അധ്യായം ഉള്‍പ്പെടുത്തിയതെന്ന്‌ വിചാരിക്കുന്നു.

അല്ലാഹു മനുഷ്യര്‍ക്ക്‌ നല്‍കുന്ന ഒരു ഭൗതിക അനുഗ്രഹമാണ്‌ ധനം അല്ലാഹുവിനെ നിഷേധിക്കുന്നവര്‍ക്കും ഈ അനുഗ്രഹം നല്‍കും. ഈ അനുഗ്രഹത്തിന്റെ കാര്യത്തിലും ദൈവത്തിന്റെ നിയമങ്ങള്‍ ഉണ്ട്‌. അവ ശ്രദ്ധിക്കാതെ ധനം കൈകാര്യംചെയ്യുന്ന വ്യക്തികളോട്‌ ആ ധനം ഞങ്ങള്‍ക്ക്‌ വിട്ടുതരണം എന്നായിരുന്നില്ല നബിമാര്‍ പറഞ്ഞിരുന്നത്‌. അവര്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: ഈ ധനം അല്ലാഹുവാണ്‌ നിങ്ങള്‍ക്ക്‌ നല്‍കിയത്‌. അതിനാല്‍ നിങ്ങള്‍ അവന്റെ നിയമങ്ങള്‍ പാലിക്കുക. ഖാറൂന്‍ മുതലാളിക്ക്‌ ധനം നല്‍കിയത്‌ അല്ലാഹു തന്നെയാണ്‌. അവന്‍ അതില്‍ ദൈവികനിയമം പാലിക്കാതിരുന്നപ്പോള്‍ മൂസാനബി(അ)യില്‍ വിശ്വസിച്ചവര്‍ അവനോട്‌ പറഞ്ഞത്‌ നിന്റെ ധനമെല്ലാം ഞങ്ങള്‍ക്ക്‌ വിട്ടുതരണമെന്നല്ല.

ഇതുപോലെ ഭരണവും അല്ലാഹു നല്‍കുന്ന ഭൗതികമായ ഒരനുഗ്രഹമാണ്‌. ഫിര്‍ഔനും നംറൂദും മറ്റും അല്ലാഹുവിന്റെ നിയമങ്ങള്‍ മറികടന്ന്‌ ജീവിച്ചപ്പോള്‍ `വിധികര്‍തൃത്വം അല്ലാഹുവിന്ന്‌ മാത്രം അവകാശപ്പെട്ടതായതിനാല്‍ നിങ്ങളുടെ സിംഹാസനം ഞങ്ങള്‍ക്ക്‌ ഒഴിവാക്കിത്തരണം, ഞങ്ങള്‍ അവിടെ കയറി ഇരിക്കട്ടെ' എന്നായിരുന്നില്ല പ്രവാചകന്‍മാര്‍ പറഞ്ഞത്‌. പ്രത്യുത ``ഇത്‌ അല്ലാഹു നിനക്ക്‌ നല്‍കിയ അനുഗ്രഹമാണ്‌. നീ അതു അനുഭവിച്ചുകൊള്ളുക. എന്നാല്‍ അവന്റെ നിയമങ്ങള്‍ നീ ഭരണരംഗത്തും പാലിക്കണം. എന്നാല്‍ ഇനിയും നിന്റെ അധികാരം അല്ലാഹു വര്‍ധിപ്പിച്ച്‌ തരും. നിന്റെ ശക്തിയെ അവന്‍ ഇനിയും സുദൃഢമാക്കിത്തരും. നീ അവന്റെ നിയമത്തില്‍ നിന്ന്‌ അകന്ന്‌ ജീവിക്കരുത്‌'' എന്നിങ്ങനെയാണ്‌ അവസാനനിമിഷം മാത്രമാണ്‌ അധികാരികളെ നീക്കുവാന്‍ വേണ്ടി അവര്‍ പ്രാര്‍ഥിച്ചത്‌. പ്രവാചകന്‍മാര്‍ പ്രവര്‍ത്തിച്ചതു സമൂഹത്തെ സംസ്‌കരിച്ചെടുത്തുകൊണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കു പോലും വോട്ടുചെയ്യുന്നത്‌ അല്ലാഹുവിന്ന്‌ മാത്രമാണ്‌ വിധികര്‍തൃത്വം എന്ന തത്വത്തിന്ന്‌ എതിരാവുകയില്ലെങ്കില്‍ മുജാഹിദുകള്‍ അപ്രകാരം ചെയ്‌താല്‍ എതിരാകുമെന്ന്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ വാദിക്കുന്നത്‌? ലൗകിക വിഷയങ്ങളില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്‌ എതിരാവാത്ത വിധത്തില്‍ മനുഷ്യനന്‍മക്കുവേണ്ടി പുതിയ നിയമങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചെടുക്കുവാന്‍ അല്ലാഹുതന്നെ അനുമതി നല്‍കുന്നുണ്ട്‌. മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ പോലും ഈ ഇളവ്‌ ഉപയോഗിക്കുന്നതു കാണാം. മതത്തിന്റെ അനുഷ്‌ഠാനകര്‍മങ്ങളില്‍ ആര്‍ക്കും മാറ്റംവരുത്തുവാനും പുതിയത്‌ നിര്‍മിക്കുവാനും അവകാശമില്ല. ദീനില്‍ പുതിയതു നിര്‍മിക്കല്‍ അനാചാരമാണ്‌. ദുന്‍യാവില്‍ പുതിയതു നിര്‍മിക്കല്‍ അനാചാരമല്ല. മനുഷ്യന്റെ നന്‍മക്ക്‌ ഉപകരിക്കുന്നതായിരിക്കണം, അവന്ന്‌ നാശം വരുത്തുന്നതാകരുത്‌ അവയെന്ന വ്യവസ്ഥയാണ്‌ ഈ കാര്യത്തിലുള്ളത്‌.

പ്രബോധനം വാരിക എഴുതുന്നു: ``മനുഷ്യന്ന്‌ ഭൗതികജീവിതത്തില്‍ സ്വല്‌പമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും ആ സ്വാതന്ത്ര്യം ഈശ്വരനിശ്ചിതമായ ഉപാധികളനുസരിച്ചു മാത്രം പ്രയോജനപ്പെടുത്തേണ്ടതാകുന്നു'' (1989 ഡിസംബര്‍ 23, പേജ്‌ 9). സ്വാതന്ത്ര്യം സ്വല്‍പമോ കൂടുതലോ എന്നതല്ല പ്രശ്‌നം. ഈശ്വരനിശ്ചിതമായ ഉപാധികളനുസരിച്ച്‌ മാത്രമേ ഏതു രംഗത്തും നാം പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. നബിചര്യ സ്ഥിരപ്പെട്ട രംഗങ്ങളില്‍ അത്‌ ഉപേക്ഷിച്ച്‌ മറ്റൊരു ചര്യ തല്‍സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുവാന്‍ നമുക്ക്‌ സ്വാതന്ത്ര്യവുമില്ല. എന്നാല്‍ `ശാഖാപരം' എന്നൊരു തത്വം ആവിഷ്‌കരിച്ചെടുത്തുകൊണ്ട്‌ ഈ രംഗത്ത്‌ പോലും സ്വാതന്ത്ര്യം അവകാശപ്പെടുന്ന സ്വഭാവം ഇവരില്‍ കാണാം,

ഇസ്‌ലാമും സമ്പൂര്‍ണതയും

മനുഷ്യജീവിതത്തിലെ നിഖില മേഖലകളിലും ഇസ്‌ലാം മഹത്തായ നിര്‍ദേശങ്ങളും നിയമങ്ങളും നല്‍കുന്നുണ്ട്‌. ആ നിയമങ്ങള്‍ ഏതെങ്കിലും ഒരു രംഗത്തു പരിമിതപ്പെടുത്തുവാന്‍ പാടില്ല. നിസ്സാരമാക്കിക്കൊണ്ട്‌ ഒരു രംഗത്തും അല്ലാഹുവിന്റെയും പ്രവാചകന്റെയും നിര്‍ദേശങ്ങള്‍ അവഗണിക്കരുത്‌. നമ്മുടെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച്‌ എല്ലാ നിയമനിര്‍ദേശങ്ങളും പാലിക്കാന്‍ ശ്രമിക്കണം. സമ്പൂര്‍ണമായ ഒരു ജീവിതക്രമമാണ്‌ ഇസ്‌ലാം അവതരിപ്പിക്കുന്നത്‌. ഒരു മുജാഹിദിന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ തത്വത്തിന്റെ അടിസ്‌ഥാനത്തിലാണ്‌, ഇവര്‍ ശാഖാപരം എന്നു പറഞ്ഞ്‌ അവഗണിക്കുന്ന വിഷയങ്ങളില്‍ പോലും മുജാഹിദുകള്‍ നബിചര്യ മുറുകെ പിടിക്കുവാന്‍ ജനങ്ങളോട്‌ കല്‌പിക്കുന്നത്‌. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും അപകടപ്പെടുത്തി വര്‍ഗീയവാദികള്‍ ഭരണരംഗം കൈവശപ്പെടുത്തുകയും മതേതര സ്വഭാവമുള്ള കക്ഷികള്‍ തളരുകയും ചെയ്യുന്ന ഒരു ചുറ്റുപാട്‌ ഉണ്ടാക്കുവാന്‍ മുസ്‌ലിംകളോട്‌ ജമാഅത്തുകാര്‍ കല്‌പിക്കരുത്‌. വര്‍ഗീയവാദികള്‍ വളര്‍ന്നുവരാന്‍ മാത്രം ഉപകരിക്കുന്ന ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കരുത്‌.

സോഷ്യലിസം

ജമാഅത്തുപ്രസിദ്ധീകരണം തന്നെ എഴുതുന്നു: ``സോഷ്യലിസം എന്ന പദംകൊണ്ട്‌ ഇസ്‌ലാമിനെ വിശേഷിപ്പിക്കുന്നവരുദ്ദേശിക്കുന്നതും ഇസ്‌ലാം നടപ്പില്‍വരുത്താനുദ്ദേശിക്കുന്ന സാമൂഹിക നീതിയും ചൂഷണരഹിതമായ ഭരണവ്യവസ്ഥയുമാണെങ്കില്‍ അത്‌ ശരിതന്നെ. പക്ഷേ ഇസ്‌ലാമിക സാമൂഹ്യക്രമവും സമ്പൂര്‍ണ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയും തമ്മില്‍ ധ്രുവാന്തരമുണ്ട്‌''. (പ്രബോധനം മാസിക ജനുവരി 1978, പേജ്‌ 29)

ഇന്ത്യന്‍ സോഷ്യലിസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇസ്‌ലാമിന്ന്‌ എതിരായ സോഷ്യലിസമാണെന്ന്‌ നാം സങ്കല്‍പിക്കുക. എന്നാല്‍ തന്നെ ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും നഷ്‌ടപ്പെടുത്തി ഹൈന്ദവ വര്‍ഗീയവാദികള്‍ അധികാരത്തില്‍ വന്ന്‌ മനുവിന്റെ നിയമപ്രകാരമുള്ള ഒരു ഭരണം നടത്തുക എന്നതാണ്‌ ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്ക്‌ കൂടുതല്‍ വിരുദ്ധമാകുന്നത്‌. വലിയ ഒരു തിന്‍മയെ തടുക്കുവാന്‍ അതിനെക്കാള്‍ ഗൗരവം കുറഞ്ഞ തിന്‍മ പ്രവര്‍ത്തിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നു. പുറമെ മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും മതേതര സ്വഭാവമുള്ള രാഷ്‌ട്രീയ കക്ഷികളെ സഹായിക്കുന്നതും അതില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിന്നതും, സമ്പൂര്‍ണ സോഷ്യലിസം ഇസ്‌ലാമിക സാമൂഹ്യക്രമത്തെക്കാള്‍ നല്ലതാണെന്ന ഉദ്ദേശത്തോടുകൂടിയല്ല. പ്രത്യുത, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ സമ്പൂര്‍ണ സോഷ്യലിസംതന്നെ സിദ്ധാന്തമായി അംഗീകരിക്കുന്ന പല കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും വോട്ടുചെയ്‌തപ്പോള്‍ അവരുടെ മനസ്സില്‍ ഉണ്ടായിരുന്ന വികാരം മാത്രമാണ്‌ മറ്റുള്ളവരുടെ മനസ്സിലുമുള്ളത്‌. ഇത്‌ ജമാഅത്തുകാര്‍ സമ്മതിക്കണമെന്നില്ല. മനസ്സിലെ രഹസ്യവും ഉദ്ദേശ്യവും ശരിക്കും പരിശോധിച്ച്‌ വിധി പറയുന്ന ദൈവത്തിലേക്ക്‌ നമുക്ക്‌ ഈ തര്‍ക്കത്തിന്റെ തീര്‍പ്പ്‌ വിടാം.

`` ചോ: സോഷ്യലിസ്റ്റ്‌ പാറ്റേണ്‍ ഓഫ്‌ സൊസൈറ്റിയെപ്പറ്റി താങ്കള്‍ സമര്‍പ്പിച്ച വീക്ഷണഗതിയെന്തായിരുന്നു?

ഉ: സോഷ്യലിസ്റ്റ്‌ രീതിയിലുള്ള സാമൂഹ്യക്രമത്തെപ്പറ്റി പ്രത്യേകമായി ഒന്നും ഞാന്‍ പറഞ്ഞില്ല. എന്നാല്‍ സോഷ്യലിസത്തെപ്പറ്റിയുള്ള എന്റെ വീക്ഷണഗതി സമര്‍പ്പിക്കയുണ്ടായി. പട്ടിണിയും ദാരിദ്ര്യവും അനീതിപരമായ അസമത്വങ്ങളും ഉച്ചനീചത്വങ്ങളും ഉന്‍മൂലനം ചെയ്യണമെന്നതിനോട്‌ ഞങ്ങളും യോജിക്കുന്നുവെന്നു ഞാന്‍ പറഞ്ഞു. കാരണം മതത്തിന്റെ അധ്യാപനവും അതു തന്നെയാണ്‌.'' (പ്രബോധനം 1962 ആഗസ്‌ത്‌ 15, ജമാഅത്തെ ഇസ്‌ലാമിയും ദേശീയസംയോജനവും ദേശീയോല്‍ഗ്രന്ഥനക്കമ്മിറ്റി മുമ്പാകെ നല്‍കിയ പ്രസ്‌താവനയെ സംബന്ധിച്ച ജമാഅത്ത്‌ അമീറിന്റെ വിശദീകരണം, പേജ്‌ 284)

ഇഖാമത്തുദ്ദീന്‍

അല്ലാഹു പറയുന്നു: ``നൂഹിനോട്‌ വസ്വിയ്യത്തു ചെയ്‌തതും താങ്കള്‍ക്ക്‌ നാം ദിവ്യസന്ദേശമറിയിച്ചതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം വസിയ്യത്തു ചെയ്‌തതും (അതായത്‌ മതത്തെ നിങ്ങള്‍ നിലനിര്‍ത്തുവിന്‍. അതില്‍ നിങ്ങള്‍ ഛിദ്രിക്കരുത്‌) എന്നതിനെ മതത്തില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിയമമാക്കിയിരിക്കുന്നു. മുശ്‌രിക്കുകളെ ഏതൊന്നിലേക്ക്‌ താങ്കള്‍ ക്ഷണിച്ചുവോ അതവര്‍ക്ക്‌ വലിയ പ്രയാസമായിരിക്കുന്നു.'' (അശ്ശൂറാ 13) `ഇഖാമത്തുദ്ദീന്‌' എന്ന സംഗതി എല്ലാ പ്രവാചകന്‍മാരോടും അല്ലാഹു കല്‌പിച്ചിരുന്നുവെന്നും ഇതില്‍ യാതൊരു മാറ്റവും പ്രവാചകന്‍മാരുടെ കാലത്ത്‌ ഉണ്ടായിരുന്നില്ലെന്നും സമുദായത്തില്‍ ഭിന്നത ഉല്‍ഭവിക്കുന്നതിനെ കൂടുതലായി ഭയപ്പെടേണ്ടത്‌ ഈ രംഗത്താണെന്നും അല്ലാഹു നമ്മെ ഇവിടെ ഉണര്‍ത്തുന്നു. എന്താണ്‌ `ഇഖാമത്തുദ്ദീന്‍' എന്നതുകൊണ്ട്‌ അല്ലാഹു ഇവിടെ ഉദ്ദേശിക്കുന്നത്‌? ഈ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന്റെ മുമ്പായി എന്തല്ല ഈ സൂക്തത്തില്‍ ഉദ്ദേശിക്കുന്നതെന്ന്‌ ആദ്യമായി പരിശോധിക്കാം.

മതരാഷ്‌ട്രം സ്ഥാപിക്കല്‍: എല്ലാ പ്രവാചകന്‍മാരോടും ഇഖാമത്തുദ്ദീന്‍ നടപ്പാക്കുവാനാണ്‌ അല്ലാഹു കല്‌പിച്ചിരുന്നതെന്ന്‌ ഇവിടെ പറയുന്നു. ഭരണം സ്ഥാപിക്കലാണ്‌ ഇതുകൊണ്ട്‌ വിവക്ഷയെങ്കില്‍ ഭൂരിപക്ഷം പ്രവാചകന്‍മാരും ഇഖാമത്തുദ്ദീന്‍ നിര്‍വഹിക്കാത്തവരാണെന്ന്‌ പറയേണ്ടിവരും. കാരണം മതരാഷ്‌ട്രം സ്ഥാപിക്കുവാന്‍ സാധിച്ച പ്രവാചകന്‍മാര്‍ കുറച്ചു പേര്‍ മാത്രമായിരുന്നു. ഭൂരിപക്ഷം നബിമാരും ഒരു ചാണ്‍ സ്ഥലത്തുപോലും മതരാഷ്‌ട്രം സ്ഥാപിക്കുവാന്‍ സാധിക്കാതെയാണ്‌ മരിച്ചുപോയത്‌. നബിമാര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഭരണം നടത്തിയിരുന്ന രാജാക്കന്‍മാര്‍ അവരെയും അവരില്‍ വിശ്വസിച്ചിരുന്ന അനുയായികളെയും ക്രൂരമായി വധിക്കുകയും ശിക്ഷിക്കുകയും ചെയ്യുകയുണ്ടായി. ഇതിന്ന്‌ ഭരണത്തെ അട്ടിമറിക്കുവാന്‍ ശ്രമിച്ചുവെന്ന ഒരാരോപണം അവര്‍ ഉന്നയിച്ചതായി ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നില്ല. അതുപോലെ ഏതെങ്കിലുമൊരു നബി നാടു ഭരിച്ചിരുന്ന ഭരണാധികാരികളോട്‌ `നിങ്ങളുടെ സിംഹാസനം എനിക്ക്‌ വിട്ടുതരിക' `ഞാന്‍ അവിടെ കയറിയിരുന്നു ഭരണം നടത്തട്ടെ' എന്ന്‌ പ്രഖ്യാപിച്ചതായി ഖുര്‍ആന്‍ വിവരിക്കുന്നില്ല. എന്നാല്‍ ഖുര്‍ആനിന്റെ വിവരണം മതരാഷ്‌ട്രം സ്ഥാപിക്കുവാനാണ്‌ അവര്‍ ശ്രമിച്ചിരുന്നതെന്ന വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഏതാനും ഉദാഹരണങ്ങളിലൂടെ ഇത്‌ വിശദീകരിക്കാം.

നംറൂദിന്റെ രാജകൊട്ടാരത്തില്‍ ഇബ്‌റാഹീം നബി(അ) കയറിച്ചെന്ന്‌ സിംഹാസനം തനിക്ക്‌ വിട്ടുതരണമെന്ന്‌ ആവശ്യപ്പെട്ടതായോ അയാളുടെ ഭരണത്തിലെ നിയമങ്ങളുടെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചതായോ അല്ലാഹു നമുക്ക്‌ വിവരിച്ചുതരുന്നില്ല. എന്നാല്‍ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത്‌ കാണുക: ``അല്ലാഹു ആധിപത്യം നല്‍കിയതി(ലുള്ള അഹംഭാവത്തി)ല്‍ തന്റെ രക്ഷിതാവിന്റെ വിഷയത്തില്‍ ഇബ്‌റാഹീമിനോട്‌ തര്‍ക്കിച്ചവനെക്കുറിച്ച്‌ താങ്കള്‍ ചിന്തിച്ചിട്ടില്ലയോ? ഇബ്‌റാഹീം പറഞ്ഞു: എന്റെ രക്ഷിതാവ്‌ ജീവിപ്പിക്കുകയും മരിപ്പിക്കയും ചെയ്യുന്നവനാണ്‌. അവന്‍ പറഞ്ഞു: ഞാന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.'' (അല്‍ബഖറ 258)

ഫറോവയോട്‌ മൂസാനബി(അ) തര്‍ക്കിച്ചതും ഭരണം തനിക്ക്‌ വിട്ടുതരണം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നില്ല. അല്ലാഹുവിന്റെ വിഷയത്തിലായിരുന്നു. ഖുര്‍ആന്‍ വിവരിക്കുന്നു: ``അവന്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ രണ്ടാളുടേയും രക്ഷിതാവ്‌ ആരാണ്‌ മൂസേ? അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ്‌ എല്ലാ വസ്‌തുവിന്നും അതിന്റേതായ പ്രകൃതി നല്‍കുകയും അനന്തരം അവയ്‌ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്‌തവനാണ്‌.'' (ത്വാഹാ 49,50). നീ പറയുന്ന ഭരണം ഏതാണ്‌, അതിന്റെ സ്വഭാവം എപ്രകാരമാണ്‌ എന്നൊന്നും ഫറോവ ഇവിടെ ചോദിക്കുന്നില്ല. ജാലവിദ്യക്കാര്‍ മൂസാനബി(അ)യില്‍ വിശ്വസിച്ചപ്പോള്‍ രോഷാകുലനായിക്കൊണ്ട്‌ ഫിര്‍ഔന്‍ `ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ ഛേദിച്ചുകളയു'മെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌: ``ഞങ്ങളുടെ നാഥന്റെ ദൃഷ്‌ടാന്തങ്ങള്‍ ഞങ്ങള്‍ക്കു വന്നപ്പോള്‍ ഞങ്ങളവയില്‍ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊന്നും നീ ഞങ്ങളില്‍ ആക്ഷേപമായി കാണുന്നില്ല.'' (അല്‍ അഅ്‌റാഫ്‌ 126) മൂസാനബി (അ)യുടെ ദൗത്യം നിലവിലിരുന്ന ഭരണത്തെ തകിടംമറിച്ച്‌ ഒരു പുതിയ മതരാഷ്‌ട്രം സ്ഥാപിക്കുകയായിരുന്നുവെങ്കില്‍ ഈ ന്യായം വിലപ്പോകുമായിരുന്നില്ല.

അസ്‌ഹാബുല്‍ ഉഖ്‌ദൂദിനെ രാജാവ്‌ ശിക്ഷിച്ചത്‌ ദൈവരാഷ്‌ട്രം സ്ഥാപിക്കുവാന്‍ അവര്‍ ശ്രമിച്ചതുകൊണ്ടായിരുന്നില്ല. ഭരണത്തെ എതിര്‍ത്തുവെന്ന്‌ ഈ വിശ്വാസികളുടെ നേരെ രാജാവ്‌ കുറ്റം ചുമത്തുന്നുമില്ല. അല്ലാഹു പറയുന്നു: ``അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെന്നതല്ലാതെ മറ്റൊരു കുറ്റവും അവര്‍(ശത്രുക്കള്‍) അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ ചുമത്തിയിരുന്നില്ല.'' (അല്‍ബുറൂജ്‌ 8)

ഗുഹാവാസികള്‍ രാജാവിന്റെ ഭരണകൂടത്തെ മറിച്ചിടുവാന്‍ ശ്രമിച്ചതുകൊണ്ടായിരുന്നില്ല മല കയറേണ്ടിവന്നത്‌. അല്ലാഹു വിവരിക്കുന്നതു കാണുക: ``അവരുടെ ഹൃദയങ്ങളെ നാം ബന്ധിക്കുകയും (സത്യം പറയുന്നതിന്‌ അതിനെ സുശക്തമാക്കുകയും) ചെയ്‌തു. അവര്‍ (തങ്ങളുടെ രാജാവിന്റെ മുമ്പില്‍) നിന്നപ്പോള്‍ (അവരോട്‌ വിഗ്രഹങ്ങള്‍ക്ക്‌ സുജൂദ്‌ ചെയ്യുവാന്‍ അവന്‍ ആജ്ഞാപിച്ചിരുന്നു). അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥന്‍ ആകാശങ്ങളുടെയും ഭൂമിയുടെയും നാഥനാണ്‌. അവനെക്കൂടാതെ മറ്റൊരു ഇലാഹിനെ തീര്‍ച്ചയായും ഞങ്ങള്‍ വിളിച്ചു തേടുകയില്ല. എങ്കില്‍ അപ്പോള്‍ നിശ്ചയം ഞങ്ങള്‍ അതിരുകവിഞ്ഞ വാക്ക്‌ പറഞ്ഞവരായിത്തീരും.'' (അല്‍ കഹ്‌ഫ്‌ 14) ഇത്രയും വിവരിച്ചതില്‍ നിന്ന്‌ ഇഖാമത്തുദ്ദീന്‍ എന്നതിന്റെ താല്‍പര്യം ഭരണകൂടം സ്ഥാപിക്കുക എന്നതല്ലെന്ന്‌ വ്യക്തമായല്ലോ.

ശിര്‍ക്കിനും ബിദ്‌അത്തിനും മൗനാനുവാദം: നബിമാരും വിശ്വാസികളും ഇഖാമത്തുദ്ദീന്‍ നിര്‍വഹിക്കുവാന്‍ വേണ്ടി ശിര്‍ക്കിനും ബിദ്‌അത്തിനും തിന്‍മകള്‍ക്കും എതിരായി ശബ്‌ദിക്കാതെ മൗനം ദീക്ഷിക്കുകയല്ല, നിരന്തരമായ ജിഹാദ്‌ സംഘടിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഇഖാമത്തുദ്ദീന്‍ എന്നതിന്റെ വിവക്ഷ ഇപ്രകാരം മൗനംപാലിക്കലാണെന്ന്‌ ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.

അമുസ്‌ലിംഭരണത്തില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കല്‍: ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യ രാഷ്‌ട്രങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ പോലും ഈ രാഷ്‌ട്രത്തെ താഗൂത്തായി കണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും അകന്ന്‌ നില്‍ക്കുക, നികുതി കണിശമായി നല്‍കുകയും ചെയ്യുക. ഇതാണ്‌ ഇഖാമത്തുദ്ദീന്‍ എന്നും ചില വിഡ്‌ഢികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. യൂസുഫ്‌ നബി(അ) ഇഖാമതുദ്ദീന്‍ നിര്‍വഹിച്ചിരുന്നുവെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. എന്നിട്ടും അദ്ദേഹം അനിസ്‌ലാമിക ഭരണത്തിന്‌ കീഴില്‍ സ്ഥാനംവഹിക്കുകയുണ്ടായി.

പ്രവാചകചര്യയെ ശാഖാപരമായിക്കാണല്‍: സ്ഥിരപ്പെട്ട സുന്നത്തിനെ ശാഖാപരം (നിസ്സാരം) എന്ന്‌ പ്രഖ്യാപിച്ച്‌, മനുഷ്യര്‍ നിര്‍മിക്കുന്ന അനുഷ്‌ഠാനകര്‍മങ്ങള്‍ തല്‍സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കലാണ്‌ ഇഖാമതുദ്ദീന്‍ എന്നും ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.

ഇത്രയും വിവരിച്ചതല്ല ഇഖാമത്തുദ്ദീന്‍ എന്നതിന്റെ വിവക്ഷ; താഴെ വിവരിക്കുന്നവയാണ്‌.

തൗഹീദ്‌ പ്രചാരണം: മതത്തെ നിങ്ങള്‍ നിലനിര്‍ത്തുവിന്‍ എന്ന വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ജലാലൈനിയില്‍ പോലും ദീന്‍ (മതം) എന്നതിന്ന്‌ നല്‍കുന്ന അര്‍ഥം `വഹുവ തൗഹീദ്‌' (അതു തൗഹീദാണ്‌) എന്നത്രെ. ഖുര്‍ആനിന്റെ മറ്റു സൂക്തങ്ങള്‍ ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നു. പ്രവാചകന്‍മാര്‍ ഐകരൂപ്യത്തോടെ പ്രബോധനം ചെയ്‌തതു തൗഹീദാണ്‌; അതുപോലെ മറ്റു വിശ്വാസകാര്യങ്ങളും. ഈ വ്യാഖ്യാനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടിയാണ്‌ ഇവര്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കലും തൗഹീദാണെന്ന്‌ ജല്‍പിക്കുന്നത്‌. എങ്കില്‍ ഈ തൗഹീദ്‌ ദൗത്യം പ്രവാചകന്‍മാരില്‍ ഭൂരിപക്ഷവും നിര്‍വഹിച്ചില്ലെന്ന്‌ പ്രഖ്യാപിക്കേണ്ടിവരും.

പ്രവാചകചര്യ സര്‍വരംഗത്തും സ്ഥാപിക്കല്‍: സര്‍വ രംഗങ്ങളിലും ഇസ്‌ലാം നിര്‍ദേശം നല്‍കുന്നുണ്ട്‌. ഇവയെല്ലാം ജീവിതത്തില്‍ പാലിക്കലും ഇഖാമതുദ്ദീന്‍ എന്നതിന്റെ വിവക്ഷയില്‍ ഉള്‍പ്പെടുന്നു. പ്രവാചകന്‍ കൈ നെഞ്ചിന്‍മേല്‍ കെട്ടിയും നമസ്‌കാരശേഷം ഒറ്റക്ക്‌ പ്രാര്‍ഥിച്ചും തറാവീഹ്‌ നമസ്‌കാരം 11 റക്‌അത്തു നമസ്‌കരിച്ചും സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്ത്‌ വര്‍ജിച്ചും ജുമുഅക്ക്‌ ഒരു ബാങ്ക്‌ മാത്രം വിളിച്ചും വാള്‍ എടുക്കലും മഅ്‌ശറ വിളിയും ചെയ്യാതെയും ഖുത്‌ബ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ നിര്‍വഹിച്ചും അതില്‍ ജനങ്ങളെ മതകാര്യങ്ങള്‍ പഠിപ്പിച്ചും നമസ്‌കാരരൂപങ്ങള്‍ കാണിച്ചുതന്നു. ശേഷം ഇഖാമതുദ്ദീന്‍ നിര്‍വഹിക്കുവാന്‍ വേണ്ടി അവിടുന്ന്‌ അരുളി: ``ഞാന്‍ നമസ്‌കരിച്ചതുപോലെ നിങ്ങള്‍ നമസ്‌കരിക്കുവിന്‍'' (ബുഖാരി). നമസ്‌കാരത്തിലെ ഒരു സുന്നത്താണ്‌ സുജൂദിന്റെ സ്ഥാനത്തേക്കോ ഇമാമിന്റെ നേരെയോ നോക്കല്‍. ഒരു വിഭാഗം സഹാബിവര്യന്‍മാര്‍ ഭയഭക്തി കൂടുവാന്‍ വേണ്ടി ഈ സുന്നത്ത്‌ ഉപേക്ഷിച്ചുകൊണ്ട്‌ ആകാശത്തേക്ക്‌ നോക്കി നമസ്‌കരിക്കുന്നത്‌ നബി(സ) കണ്ടു. ഉടനെ ഇഖാമതുദ്ദീന്‍ നിര്‍വഹിക്കുവാന്‍ വേണ്ടി അവിടുന്ന്‌ അരുളി: ``നിങ്ങള്‍ അതില്‍ നിന്ന്‌ വിരമിക്കുവിന്‍, അല്ലാത്തപക്ഷം നിങ്ങളുടെ കണ്ണുകള്‍ പക്ഷികള്‍ റാഞ്ചിക്കൊണ്ട്‌ പോകട്ടെ'' (ബുഖാരി). ഇഖാമതുദ്ദീന്‍ എന്ന തത്വത്തിന്ന്‌ എതിരാകുന്നതാണ്‌ മദ്‌ഹബുകള്‍ അംഗീകരിക്കല്‍. മദ്‌ഹബ്‌ സ്വീകരിച്ചാല്‍ ആയിരത്തിലധികം പ്രശ്‌നങ്ങളില്‍ ദീന്‍ നമുക്ക്‌ നഷ്‌ടപ്പെടുന്നു. എന്റെ ചെറിയ ഒരു സുന്നത്തിനെ ജീവിപ്പിക്കുന്ന മനുഷ്യന്‍ വരെ എന്നെ ഖബ്‌റില്‍ ജീവിപ്പിച്ചവനാണെന്ന്‌ പ്രവാചകന്‍ പറഞ്ഞു. ഇഖാമത്തുദ്ദീന്‍ നിര്‍വഹിക്കുന്നവരുടെ സ്വഭാവമായി നബി(സ) പ്രഖ്യാപിച്ചത്‌ `എന്റെ സുന്നത്തില്‍ മനുഷ്യര്‍ കുഴപ്പത്തിലാക്കിയതിനെ നന്നാക്കുവാന്‍ ശ്രമിക്കുന്നവര്‍' എന്നാണ്‌ (മുസ്‌ലിം). പുതിയ സംഗതികളെ വര്‍ജിക്കുന്നവരാണ്‌ ഇഖാമതുദ്ദീന്‍ എന്നതിന്റെ ലക്ഷ്യം നിര്‍വഹിക്കുന്നവരെന്നും നബി(സ) നമ്മെ ഉണര്‍ത്തി. സ്വയം ഇസ്‌ലാം സ്വീകരിച്ച്‌ ഒരു രാഷ്‌ട്രമായി മുസ്‌ലിംകള്‍ മാറുകയും അധികാരം അവരുടെ കൈകളില്‍ ലഭിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഭരണരംഗത്ത്‌ അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കലും ഇഖാമതുദ്ദീന്‍ എന്നതിന്റെ പരിധിയില്‍ പെടുന്നതാണ്‌. എന്നാല്‍ ഈ പ്രശ്‌നത്തിലും നാം ആദ്യം വിവരിച്ച സംഗതികളാണ്‌ ഇഖാമതുദ്ദീന്‍ എന്നതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നതെന്ന വികല ധാരണ മുസ്‌ലിംകള്‍ക്കിടയില്‍ സൃഷ്‌ടിച്ച്‌ അവരെ ഒരുതരം വിപ്ലവകാരികളാക്കി മാറ്റുവാനാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌.

1 comments:

സാജിദ് ഈരാറ്റുപേട്ട said...

'സിദ്ധഭക്തിയില്‍ ഹോമിക്കപ്പെടുന്ന ജീവിതം' എന്ന തലക്കെട്ടില്‍ സിദ്ധന്മാരെ സംബന്ധിച്ച് 'മാധ്യമ'ത്തില്‍ വന്ന പരമ്പരയെക്കുറിച്ച് മുജാഹിദ് പ്രസിദ്ധീകരണങ്ങള്‍ പറയുന്നത്: "ശ്മശാനവിപ്ളവത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ? ശാഖാപരം എന്നു പറഞ്ഞ് ഒരു കാലത്ത് തള്ളിവിട്ട ഈ വിഷയം ഇപ്പോള്‍ ജമാഅത്ത് ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. മുജാഹിദുകള്‍ പറഞ്ഞത് ഇപ്പോള്‍ ജമാഅത്തുകാര്‍ അംഗീകരിച്ചുവരുകയാണ്.''


രാഷ്ട്രീയ മേഖലകളില്‍ എങ്ങനെ തൌഹീദ് നടപ്പാക്കാം എന്ന വിഷയത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയതിനാല്‍, യാഥാസ്ഥിതികരായ പുരോഹിതന്‍മാര്‍ ചെയ്യുന്ന ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെയുള്ള സമരം ജമാഅത്തെ ഇസ്ലാമി ഗൌരവമായി എടുക്കാതിരുന്നതിനാലാണ് സമുദായത്തില്‍ അതിന് വളര്‍ച്ച ഉണ്ടായത് എന്നത് ഒരു വസ്തുതയല്ലേ? രാഷ്ട്രീയത്തിലെ ശിര്‍ക്ക് പറയുന്നതുപോലെ ഈ ഭാഗവും കൂടി പറയേണ്ടത് യഥാര്‍ഥത്തില്‍ ഇസ്ലാമികപ്രസ്ഥാനമായിരുന്നില്ലേ? എന്തുകൊണ്ടാണ് ഈ കാര്യത്തില്‍ യാഥാസ്ഥിതികരോട് അഴകൊഴമ്പന്‍ നയംജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നത്? രാഷ്ട്രീയ വശത്തെ ശിര്‍ക്ക് പറയുന്ന അതേ ഗൌരവത്തില്‍തന്നെ മറ്റു മേഖലകളിലെയും ശിര്‍ക്ക് പറയാന്‍ ഇസ്ലാമിക പ്രസ്ഥാനം ബാധ്യസ്ഥമല്ലേ?


വ്യവസ്ഥിതിയുടെ സമഗ്രമായ മാറ്റത്തെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി സംസാരിച്ചപ്പോള്‍ മുജാഹിദുകള്‍ അതിനെ 'കൊട്ടാര വിപ്ളവം' എന്ന് അപഹസിച്ചതുകൊണ്ടാണ്, അവര്‍ സര്‍വഥാ പ്രാധാന്യം കല്‍പിക്കുന്ന ഖബ്ര്‍പൂജയെ പരമാമര്‍ശിച്ച് ശ്മശാനവിപ്ളവമെന്ന് ജമാഅത്ത് വക്താക്കളില്‍ ചിലര്‍ പ്രതികരിച്ചത്. അതിനര്‍ഥം, വ്യാജസിദ്ധന്മാരെയോ ഖബ്ര്‍ പൂജയെയോ ജമാഅത്ത് നിസ്സാരമാക്കുന്നു എന്നല്ല. തൌഹീദും ശിര്‍ക്കും അടിസ്ഥാനപരമാണെന്നും അത് ശാഖാപരമല്ലെന്നും ജമാഅത്തിന് നന്നായറിയാം. അതുകൊണ്ടാണ് ശിര്‍ക്കിനെതിരെ ശക്തമായി ബോധവല്‍ക്കരിക്കുന്ന ശിര്‍ക്ക് അഥവാ ബഹുദൈവത്വം, തൌഹീദ്, ഖബ്റാരാധന, ഇസ്ലാമും ജാഹിലിയ്യതും തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്. പാഠ്യപദ്ധതിയിലൂടെ എല്ലാതരം ശിര്‍ക്കിനുമെതിരെ തലമുറകളെ പഠിപ്പിക്കുന്നതും ജമാഅത്ത് നിയന്ത്രണത്തിലുള്ള ഒരു മഹല്ലിലും ശിര്‍ക്ക്-ബിദ്അത്തുകള്‍ അനുവദിക്കാത്തതും അതുകൊണ്ടുതന്നെ. എന്നാല്‍ തൌഹീദിന്റെ ഒരു വശം മാത്രം പരമപ്രധാനമായി കണ്ട് അതിലൂന്നി മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍, തൌഹീദിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്ന് ഓര്‍ക്കുക. വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ച പ്രബോധനത്തിലെ യുക്തദീക്ഷയിലുപരി, അഴകൊഴമ്പന്‍ സമീപനമൊന്നും ജമാഅത്ത് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടില്ല. ശിര്‍ക്ക്-ബിദ്അത്തുകളെ ന്യായീകരിക്കുന്ന സംഘടനകളുടെ വളര്‍ച്ചക്കുള്ള കാരണങ്ങള്‍ ചിലരുടെ പ്രകോപനപരമായ സംസ്കരണ ശൈലിയും ജമാഅത്തിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ജിഹാദും, സാമുദായിക രാഷ്ട്രീയത്തിന്റെ അധികാരപരമായ സംരക്ഷണവും പ്രമാണിമാരുടെ പിന്‍ബലവും അറബി യാഥാസ്ഥിതികരുടെ പണവുമാണ്. ഇതിലൊന്നും ജമാഅത്തെ ഇസ്ലാമിക്ക് ഒരുത്തരവാദിത്വവുമില്ല.

Post a Comment