Pages

Friday, August 6, 2010

സ്വഹാബത്തിലെ ഭിന്നതയും ജമാഅത്തും

ശിര്‍ക്കിനെയും ബിദ്‌അത്തിനെയും ലഘൂകരിച്ച്‌ കാണുവാനും മുജാഹിദുകള്‍ ഇവക്കെതിരായി നടത്തുന്ന പ്രസംഗങ്ങളെയും ഖണ്ഡന പ്രസംഗങ്ങളെയും വാദപ്രതിവാദങ്ങളെയും കൊച്ചാക്കി കാണിക്കുവാനും ഇവര്‍ സാധാരണ ഉപയോഗിക്കാറുള്ള മറ്റൊരു ആയുധമാണ്‌ സ്വഹാബത്തിന്റെയും മദ്‌ഹബിന്റെ ഇമാമുകളുടെയും ഇടയില്‍ ഉണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍. ഇവര്‍ എഴുതുന്നു: ``ശാഖാപരമായ കര്‍മശാസ്‌ത്രവിഷയങ്ങളില്‍ സ്വഹാബികള്‍ക്കിടയില്‍ തന്നെ വളരെ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ചുംബനംകൊണ്ട്‌ വുദു മുറിയുമോ, ജനാസ ചുമന്നാല്‍ വുദു മുറിയുമോ, സ്‌ത്രീ കുളിക്കുമ്പോള്‍ തലമുടി അഴിച്ചിടല്‍ നിര്‍ബന്ധമാണോ, ജനനേന്ദ്രിയങ്ങള്‍ തമ്മില്‍ ചേരുന്നതു മൂലം കുളി നിര്‍ബന്ധമാകുമോ..... സ്വഹാബികള്‍ക്കിടയില്‍ പല കര്‍മശാസ്‌ത്ര വിഷയങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന്‌ പ്രമുഖ മുജാഹിദ്‌ നേതാവുതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌.'' (പ്രബോധനം, മുഖാമുഖം പരിപാടികളിലൂടെ, 1998 ഒക്‌ടോബര്‍ 10, പേജ്‌ 33)


ഇതെഴുതിയ വ്യക്തി വിഷയം മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ബിദ്‌അത്തിന്‌ അംഗീകാരം നല്‍കുവാനും സുന്നത്തിനെ വര്‍ജിക്കുവാനുമുള്ള ഹീനമായ ശ്രമമാണ്‌ തന്റെ കുബുദ്ധി ഉപയോഗിച്ചു നടത്തുന്നത്‌. മുജാഹിദ്‌ പണ്ഡിതന്മാര്‍ വളരെ ക്ലേശിച്ച്‌ ബിദ്‌അത്തുകളെ നീക്കി തദ്‌സ്ഥാനത്ത്‌ സമുദായം അവഗണിച്ച സുന്നത്തുകളെ പ്രതിഷ്‌ഠിക്കുവാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഈ വര്‍ഗം സ്വഹാബത്തിലെ ഭിന്നതകള്‍ എടുത്തുകാണിച്ച്‌ സമുദായത്തെ ബിദ്‌അത്തിലേക്ക്‌ തന്നെ തിരിച്ചു കൊണ്ടുപോകുവാനുള്ള കുത്സിതശ്രമം നടത്തുന്നത്‌. സ്വഹാബത്തിന്റെ ഇടയിലും മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും കര്‍മശാസ്‌ത്രപരമായ പ്രശ്‌നങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിട്ടില്ലെന്ന്‌ ഈ ഭൂമിയില്‍ ജനിച്ച ഒരു മുജാഹിദ്‌ പണ്ഡിതനും നാളിതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ്‌ പ്രമുഖ മുജാഹിദ്‌ നേതാവുതന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ ഈ പണ്ഡിതന്‍ തെളിവുകള്‍ ഉദ്ധരിക്കുന്നത്‌?

സ്വഹാബിവര്യന്മാരുടെ ഇടയില്‍ ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും പ്രശ്‌നത്തില്‍ ഒരിക്കലും ഭിന്നതയുണ്ടായിട്ടില്ല. ഇതാണ്‌ മുജാഹിദുകള്‍ പറയുന്ന ഒരു തത്വം. എന്നാല്‍ ഇന്ന്‌ സമസ്‌തയും മുജാഹിദുകളും തമ്മിലുള്ള അഭിപ്രായഭിന്നത ഇവര്‍തന്നെ എഴുതിയ വ്യക്തമായ ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും കാര്യത്തിലാണ്‌. സ്വഹാബത്തിന്റെ ഇടയില്‍ കര്‍മശാസ്‌ത്രപരമായ ഭിന്നത ഉല്‍ഭവിച്ചത്‌ നബിചര്യ സ്വഹീഹായി കണ്ടിട്ടും അതുപേക്ഷിച്ച്‌ മദ്‌ഹബിന്റെ ഇമാമുകളുടെ പിന്നാലെ പോയതുകൊണ്ടോ പാരമ്പര്യത്തെ ഉപേക്ഷിക്കുവാന്‍ മടിച്ചതുകൊണ്ടോ ആയിരുന്നില്ല. നബി(സ) ഒരു ഹദീസ്‌ പറയുമ്പോള്‍ എല്ലാ സ്വഹാബിവര്യന്മാരും സദസ്സില്‍ ഉണ്ടാവുകയും അത്‌ കേള്‍ക്കുകയും ചെയ്യുവാന്‍ സാധിക്കണമെന്നില്ല. ഇന്ന്‌ നാം കാണുന്നതുപോലെ എല്ലാ സ്വഹാബിവര്യന്മാര്‍ക്കും ലഭിച്ച ഹദീസുകള്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങള്‍ അന്നില്ലതാനും. ഈ സാഹചര്യത്തില്‍ അവര്‍ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചു. ഇതായിരുന്നു അവരുടെ ഇടയിലുള്ള ഭിന്നതക്ക്‌ കാരണം. ഇതിനു ധാരാളം തെളിവുകള്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാം. മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ടാകുവാനും കാരണം ഇതു തന്നെയാണ്‌. അന്നും ഹദീസുകള്‍ പൂര്‍ണമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല.

സ്വഹാബിവര്യന്മാരുടെ അഭിപ്രായഭിന്നതയായി ഇവര്‍ ഉദ്ധരിക്കുന്ന പലതും സ്ഥിരപ്പെടാത്തതാണ്‌. സ്ഥിരപ്പെട്ടതുതന്നെ പലതും അവര്‍ കൈയൊഴിച്ച അഭിപ്രായങ്ങള്‍ വീണ്ടും അവരിലേക്ക്‌ ചേര്‍ത്തുകൊണ്ടു ചിലര്‍ ഉദ്ധരിച്ചതുമാണ്‌. ഒന്നു രണ്ട്‌ ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം.

1. ജനാബത്തുകാരനായി പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ നോമ്പ്‌ മുറിയുമെന്ന്‌ അബൂഹുറയ്‌റ(റ) പ്രസ്‌താവിക്കുകയുണ്ടായി. നബി(സ)യുടെ ഭാര്യമാര്‍ ഹദീസ്‌ ഉദ്ധരിച്ച്‌ നോമ്പ്‌ മുറിയുകയില്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ അഭിപ്രായത്തില്‍ നിന്ന്‌ പിന്‍മാറിയെന്ന്‌ മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ വ്യക്തമായി പറയുന്നുണ്ട്‌. എന്നിട്ടും പ്രസിദ്ധമായ ചില കിതാബുകളില്‍ നോമ്പ്‌ മുറിയുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായമെന്ന്‌ ജല്‍പിക്കുന്നതു കാണാം.

2. `രിബല്‍ ഫള്‌ലി' നിഷിദ്ധമല്ലെന്ന അഭിപ്രായം ഇബ്‌നുഉമര്‍(റ), ഇബ്‌നുഅബ്ബാസ്‌(റ) മുതലായവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അബൂസഈദില്‍ നിന്ന്‌ ഇത്‌ നിഷിദ്ധമാണെന്ന്‌ വ്യക്തമാകുന്ന ഹദീസുകള്‍ അവര്‍ കേട്ടപ്പോള്‍ അവരുടെ അഭിപ്രായത്തില്‍ നിന്ന്‌ പിന്‍മാറിയെന്നു മുസ്‌ലിമിന്റെ നിവേദനത്തില്‍ പ്രത്യേകം പറയുന്നുണ്ട്‌. എന്നിട്ടും ചില പ്രഗത്ഭരായ പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത്തരം പലിശ അനുവദനീയമാണെന്ന അഭിപ്രായം ഈ സ്വഹാബിവര്യന്മാരിലേക്ക്‌ ചേര്‍ത്തുപറയുന്നത്‌ കാണാം. ഇവര്‍ രണ്ടുപേരും ഖുര്‍ആന്‍ ഗ്രഹിച്ചവരും അല്ലാഹുവിനെ ഭയപ്പെടുന്നവരുമായിരുന്നു. അവര്‍ ഹദീസ്‌ അറിയുന്നതിനുമുമ്പ്‌ വ്യക്തിപരമായി ഒരഭിപ്രായം പ്രകടിപ്പിച്ചു. നബി(സ)യില്‍ നിന്ന്‌ മറ്റൊരു സ്വഹാബി ഹദീസ്‌ ഉദ്ധരിച്ച്‌ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തങ്ങളുടെ അഭിപ്രായത്തില്‍ നിന്ന്‌ അവര്‍ പിന്‍മാറുകയും നബി(സ)യുടെ ഹദീസിലെ വിധി അവര്‍ സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍ ചില അഭിപ്രായങ്ങളില്‍ നിന്ന്‌ അവര്‍ പിന്‍മാറിയെന്ന്‌ പ്രത്യേകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല എന്ന കാരണത്താല്‍ പിന്‍മാറുവാനുള്ള സാധ്യതപോലും പരിഗണിക്കാതെ ആദ്യത്തെ അഭിപ്രായത്തില്‍ തന്നെ അവര്‍ ഉറച്ചുനിന്നതായി പരിഗണിച്ചാണ്‌ ചില പണ്ഡിതന്മാര്‍ അവരുടെ പേരില്‍ അത്‌ രേഖപ്പെടുത്തിയത്‌. വിമര്‍ശകരുടെ തെളിവുകളില്‍ നിന്ന്‌ തന്നെ വിശദീകരിക്കാം.

എ. ചുംബനം കൊണ്ടു വുളു മുറിയുമോ? മുറിയുമെന്ന അഭിപ്രായം ഇബ്‌നുഉമര്‍(റ) പ്രകടിപ്പിച്ചപ്പോള്‍ ആഇശ(റ) നബിചര്യ ഉദ്ധരിച്ച്‌ മുറിയുകയില്ലെന്ന്‌ തിരുത്തി.

ബി. സ്‌ത്രീ കുളിക്കുമ്പോള്‍ തലമുടി അഴിച്ചിടല്‍ നിര്‍ബന്ധമാണോ? നിര്‍ബന്ധമാണെന്ന അഭിപ്രായം അബ്‌ദുല്ലാഹിബ്‌നു അംറ്‌(റ) പ്രകടിപ്പിച്ചപ്പോള്‍ നബിയുടെ ഭാര്യമാര്‍ നബിചര്യ ഉദ്ധരിച്ച്‌ അതിനെ തിരുത്തി. ലേഖകന്‍ എടുത്തുകാണിച്ച വിഷയങ്ങളില്‍ മിക്കതും ഇജ്‌തിഹാദിനു സാധ്യതയുള്ള വിഷയമല്ല. ബുഖാരിയിലും മുസ്‌ലിമിലും ആ വിഷയങ്ങളില്‍ നബിചര്യ എന്താണെന്ന്‌ സ്ഥിരപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. ഏതെങ്കിലും വിഷയത്തില്‍ നബിചര്യ സ്ഥിരപ്പെട്ടിട്ടില്ലെങ്കില്‍ അത്തരം വിഷയങ്ങളില്‍ സുന്നികളുമായി തര്‍ക്കിക്കുവാന്‍ മുജാഹിദുകള്‍ പോയിട്ടുമില്ല. ഗവേഷണപരമായ വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ തന്നെ പലതിലും ഭിന്നതയുമുണ്ട്‌. ആ ഭിന്നതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും ജമാഅത്തുകാര്‍ക്ക്‌ ശിര്‍ക്കിനും ബിദ്‌അത്തിനും പച്ചക്കൊടി കാണിക്കാമായിരുന്നു. നബി(സ)യുടെ സുന്നത്ത്‌ സ്ഥിരപ്പെട്ട വിഷയങ്ങളില്‍ ഇമാമുകളെയും നാട്ടിലെ പാരമ്പര്യത്തെയും പിന്‍പറ്റിയും നബിചര്യ ഉപേക്ഷിക്കുച്ചു. നബിചര്യ സ്വീകരിച്ചവരെ പുത്തന്‍വാദികളും മുബ്‌തദീങ്ങളുമായി അവതരിപ്പിക്കുകയും ചെയ്യുന്ന സുന്നികളുടെ അട്ടിമറിപ്രവര്‍ത്തനത്തിന്റെ ഗൗരവം കുറച്ചുകാണിക്കുവാനും അങ്ങനെ മുജാഹിദ്‌ പ്രസ്ഥാനത്തെ ശാഖാപരമായ തര്‍ക്കത്തിന്റെ വക്താക്കളായി അവതരിപ്പിക്കുവാനും ഗവേഷണപരമായതും നബിചര്യയില്‍ വ്യക്തമായി സ്ഥിരപ്പെടാത്തതുമായ ചില പ്രശ്‌നങ്ങളില്‍ അവര്‍ക്കിടയിലുള്ള ഭിന്നത ഇവര്‍ക്ക്‌ എടുത്തുകാണിക്കാമായിരുന്നു. സ്വഹാബിവര്യന്മാര്‍ക്ക്‌ അഭിപ്രായമുണ്ടോ എന്ന്‌ ശരിക്കും സ്ഥിരപ്പെടാത്ത പ്രശ്‌നങ്ങള്‍ അവരിലേക്ക്‌ ചേര്‍ത്തുദ്ധരിക്കുന്നതിനെക്കാള്‍ നല്ലത്‌ ഇതായിരുന്നു. അനാചാരങ്ങള്‍ക്ക്‌ അംഗീകാരം നല്‍കുവാനും നബിചര്യ സ്ഥിരപ്പെട്ട വിഷയങ്ങളില്‍ അതിനെ ഉപേക്ഷിച്ച്‌ മറ്റുള്ളവരുടെ അഭിപ്രായത്തെ തല്‍സ്ഥാനത്തു പ്രതിഷ്‌ഠിക്കുന്ന പ്രവണതയ്‌ക്ക്‌ ശക്തി കൂട്ടുവാനും മുജാഹിദ്‌ പ്രസ്ഥാനത്തെ വിമര്‍ശിക്കുവാനും അവരുടെ പ്രവര്‍ത്തനത്തെ നിസ്സാരമാക്കുവാനും ഈ വിഭാഗം ഏതു പുല്‍ക്കൊടിയും പ്രമാണമായി ഉദ്ധരിക്കുമെന്നതിന്‌ ഏറ്റവും പ്രകടമായ തെളിവാണ്‌ `പ്രബോധന'ത്തില്‍ നാം കാണുന്നത്‌.

നബിചര്യ സ്ഥിരപ്പെട്ട വിഷയത്തില്‍ പോലുമുള്ള ഭിന്നത, ലഘൂകരിച്ച്‌ കാണുന്ന ഇവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുവാന്‍ ഏതു മതേതര രാഷ്‌ട്രീയകക്ഷിയെ ശക്തിപ്പെടുത്തലാണ്‌ നല്ലതെന്ന വിഷയത്തിലുള്ള ഭിന്നതയാണ്‌ സഹിക്കുവാന്‍ സാധിക്കാത്തത്‌! ഭരണാധികാരിയെ നിശ്ചയിക്കുന്ന വിഷയത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ ഭിന്നത ഉല്‍ഭവിച്ചതു ലേഖകന്‍ എടുത്തുകാണിക്കുന്നില്ല. ഉദ്ദേശ്യം വളരെ വ്യക്തമാണ്‌. മുജാഹിദ്‌ പ്രസ്ഥാനത്തെ വിമര്‍ശിക്കുവാനുള്ള കവാടങ്ങള്‍ സ്വയം അടയ്‌ക്കുന്നത്‌ ശരിയല്ലല്ലോ. അഭിപ്രായവ്യത്യാസത്തിന്റെ ഫലമായി സ്വഹാബത്തന്നിടയില്‍ യുദ്ധം പോലും സംഭവിച്ച യാഥാര്‍ഥ്യത്തിനു നേരെയും ഇദ്ദേഹം കണ്ണടയ്‌ക്കുന്നു. എന്തിന്‌? വാദപ്രതിവാദത്തിന്റെ പേരില്‍ മുജാഹിദുകളെ വിമര്‍ശിക്കുവാന്‍ തന്നെ. ഹിന്ദുവര്‍ഗീയവാദികള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടുകൂടി ഇവരുടെ രാഷ്‌ട്രീയനയത്തിന്റെ പ്രസക്തി ചവറ്റുകൊട്ടയിലേക്ക്‌ എറിയപ്പെട്ടുവെന്ന്‌ വ്യക്തമായി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ഇവര്‍ തീരുമാനിച്ചത്‌ ഇവരുടെ രാഷ്‌ട്രീയനയത്തെ ഇവര്‍ തന്നെ ഖബ്‌ര്‍ വെട്ടി കുഴിച്ചുമൂടിയതിനും തെളിവാണ്‌. ഇനി മുജാഹിദുകളെ വിമര്‍ശിക്കുവാനുള്ളതു ശാഖാപരത്തിന്റെ പ്രശ്‌നവും ഇബാദത്തിന്റെ പദപ്രയോഗത്തിലുള്ള തര്‍ക്കവും ഉന്നയിച്ചാണ്‌.

1 comments:

Malayali Peringode said...

നബിചര്യ സ്ഥിരപ്പെട്ട വിഷയത്തില്‍ പോലുമുള്ള ഭിന്നത, ലഘൂകരിച്ച്‌ കാണുന്ന ഇവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുവാന്‍ ഏതു മതേതര രാഷ്‌ട്രീയകക്ഷിയെ ശക്തിപ്പെടുത്തലാണ്‌ നല്ലതെന്ന വിഷയത്തിലുള്ള ഭിന്നതയാണ്‌ സഹിക്കുവാന്‍ സാധിക്കാത്തത്‌! ഭരണാധികാരിയെ നിശ്ചയിക്കുന്ന വിഷയത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ ഭിന്നത ഉല്‍ഭവിച്ചതു ലേഖകന്‍ എടുത്തുകാണിക്കുന്നില്ല. ഉദ്ദേശ്യം വളരെ വ്യക്തമാണ്‌. മുജാഹിദ്‌ പ്രസ്ഥാനത്തെ വിമര്‍ശിക്കുവാനുള്ള കവാടങ്ങള്‍ സ്വയം അടയ്‌ക്കുന്നത്‌ ശരിയല്ലല്ലോ.

Post a Comment